നാസയുടെ നിരീക്ഷണവും, നബിയുടെ വചനങ്ങളും വിശ്വാസികൾക്ക് ഏറെ ചിന്തിക്കാനുണ്ട്! അമേരിക്കൻ ശാസ്ത്ര നിരീക്ഷണ കേന്ദ്രം 'നാസ' നടത്തിയിട്ടുള്ള കണ്ടുപിടുത്തം മനുഷ്യനെ ചിന്തനീയമായി നയിക്കുന്ന പ്രസ്താവനയും നിരീക്ഷണവുമാണ്. ലോകാവസാനം പ്രതീക്ഷിച്ചതിലും നേരത്തെ ആകുമെന്നാണ് നാസയുടെ 'പ്രവചനം'. ഏകദേശം 100 കോടി വർഷങ്ങൾക്കുള്ളിൽ 'ഭൂമി' വാസയോഗ്യതയല്ലാവുമെന്ന് നാസ നിരീക്ഷിക്കുന്നു.'ശാസ്ത്ര സത്യം' മനുഷ്യൻ അംഗീകരിക്കുന്നുണ്ട്. പക്ഷേ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ലോകവസാനത്തിന്റെ 'അടയാളങ്ങളെ'ക്കുറിച്ച് 1400 വർഷങ്ങൾക്കു മുമ്പ് പ്രവചിച്ചുപോയ മുത്ത് റസൂലിന്റെ വാക്കുകൾ നമ്മുടെ ചിന്തയിലേക്ക് കടന്നു വരേണ്ടതുണ്ട്. ശാസ്ത്രങ്ങളെക്കുറിച്ച് അതിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും എല്ലാം പലതവണ വിശ്വാസികളെ 'വിശുദ്ധ ഗ്രന്ഥ'ത്തെ മുൻനിർത്തി ചിന്തിക്കാൻ ആവശ്യപ്പെടുന്നുണ്ട്. നാസയുടെ പ്രസ്താവനയെക്കാൾ എത്രമേൽ 'ഘനീഭവിക്കു'ന്ന പ്രസ്താവനകളാണ് മുത്ത് നബി പ്രവചിച്ച് വെച്ചിട്ടുള്ളത്. ആദ്യകാലത്തുണ്ടായിരുന്ന രീതികളെ തലകീഴായി രൂപാന്തരപ്പെടുക, മനുഷ്യന്റെ ഭൗതികലോകത്ത് അവൻ പണ്ടുള്ള പൂർവികർ ജീവിക്കുന്നത് പോലെയല്ല ഇപ്പോൾ അവൻ ജീവിക്കുന്നത്, എല്ലാം തലകീഴായി മാറിയിരിക്കുന്നു. ഉയരുന്നന്ന വിളക്കുകൾ പണ്ടുകാലത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്ന് തലകീഴായി വെളിച്ചം പകരുന്ന വിളക്കുകളാണ് കാണാൻ കഴിയുക, ശൗചാലയത്തിന് പുറത്തേക്ക് പോയിരുന്നവൻ ഇന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുന്നു, വിദ്യാഭ്യാസത്തിന് കഷ്ടപ്പെട്ട് തേടി അലഞ്ഞിരുന്നവൻ ഇന്ന് വിദ്യാഭ്യാസം അവനെ തേടി ഇങ്ങോട്ട് വരുന്നു, ഇതെല്ലാം ചെറു ഉദാഹരണങ്ങൾ മാത്രമാണ്! പഴയകാല രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു അവസ്ഥാവിശേഷം ആണ് ഇതിലൂടെ ഉടലെടുക്കുന്നത്. പ്രവാചകൻ പഠിപ്പിച്ചിട്ടുള്ള ഹദീസ് വ്യാഖ്യാനത്തിൽ ഇത് വളരെ സംക്ഷിപ്തമാണ്. സമയത്തിന്റെ ദൈർഘ്യത, പ്രവാചകൻ പഠിപ്പിച്ചു തന്ന അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ട മറ്റൊന്ന്. ശാസ്ത്രീയമായും ജീവാവ്യവഹാരങ്ങളിലും ഇന്ന് അനുഭവപ്പെടാൻ കഴിയുന്ന നഗ്നസത്യം! മനുഷ്യന് ഒന്നിനും സമയം ലഭിക്കുന്നില്ല എന്നാണ് അവന്റെ ഏറ്റവും വലിയ 'വ്യഥ'. ആഴ്ചകൾ ദിവസങ്ങളായും ദിവസങ്ങൾ മണിക്കൂറുകളായും മണിക്കൂറുകൾ മിനിറ്റുകളായും മാറപ്പെടും. അതിന്റെ യഥാർത്ഥ അനുഭവം മനുഷ്യൻ ഇന്ന് അനുഭവിക്കുന്നു. സോഷ്യൽ മീഡിയ,ബിസിനസ്, ആഘോഷങ്ങൾ എന്നിവയൊന്നും 'ക്രമ'പ്പെടുത്താൻ മനുഷ്യനു സാധിക്കാത്ത ദുരവസ്ഥ ഉണ്ടാകുന്നു. ഇവിടെയെല്ലാം നാം ഏറെ ചിന്തിക്കേണ്ടതുണ്ട്. ഒരുപാട് പാഠങ്ങൾ അതിൽനിന്ന് ഉൾക്കൊണ്ട് മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തുണ്ടാകുന്ന സംഘട്ടനങ്ങൾ, ദുരന്തങ്ങൾ, മാനവികത ചോർന്നുപോകുന്ന അവസ്ഥയെല്ലാം ഇതിൽ നാം ചേർത്തുവയ്ക്കണം. അന്ത്യനാൾ അടുക്കുമ്പോൾ കുട്ടികൾക്ക് വരെ വലിയ ക്രോധം അനുഭവപ്പെടും എന്ന് നബി പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇന്ന് ഒരു കുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയാൽ ഉണ്ടാകുന്ന അവന്റെ 'പ്രതികരണ മനോഭാവം' നമ്മുടെ മനസ്സിൽ ഒന്ന് ചിത്രീകരിച്ചു നോക്കൂ! എത്രമേൽ ദേഷ്യമായിരിക്കും അവന്റെ മനോഭാവത്തിൽ നിന്നു ഉടലെടുക്കുക. എല്ലാം നഗ്ന യാഥാർത്ഥ്യങ്ങളായി നമ്മുടെ മുമ്പിലുണ്ട്. ഡിഷുകളും സാറ്റലൈറ്റുകളും സംസാരിക്കും എന്നതിന്റെ സൂചനയായിട്ടാണ് 'طبق' എന്ന പദം അർത്ഥമാക്കുന്ന നബിവചനം ഇന്നത്തെ നവയുഗത്തിൽ ഏറെ ചിന്തനീയമാണ്! ശാസ്ത്രം പോലും ഒരുപക്ഷേ തോറ്റുപോകുന്ന പ്രവചനങ്ങൾ നടത്തിയിട്ടും വിശ്വാസിയും മനസ്സുകൾ ചിന്തയിലൂടെ ഉണർന്നിട്ടില്ലെങ്കിൽ അതു തന്നെയാണ് ഏറ്റവും വലിയ അടയാളം! അവൻ ചിന്തിക്കട്ടെ, ശാസ്ത്രത്തെയും അതിലേറെ നബി വചനങ്ങളെയും ആഴത്തിൽ ഇറങ്ങി പരിശോധിക്കേണ്ട 'ആവശ്യകത' കൂടുതലായി വന്നിട്ടുണ്ട് എന്നുള്ളതാണ് ശാസ്ത്രം പോലും നമ്മെ സൂചിപ്പിക്കുന്നത്! നമ്മുടെ ചിന്തകൾ ഉണരട്ടെ!
CT A Khader, Trikaripur